കൊറോണയും ഒരു 100 cc പൊന്മുടി യാത്രയും. (Part 1) | Ponmudi |

ponmudi

ഇത് നമ്മുടെ കൊറോണ കാലമാണ്, എല്ലാവരും എല്ലാ രീതിയിലും വീട്ടില്‍ ഒറ്റപ്പെട്ടു പോയ കാലം. വീടിനെയും ചുറ്റുപാടിനെയും മനസിലാക്കാന്‍ കാലം തന്നോരു  അവസരമാണിത്. അങ്ങനെ പുറത്തിറങ്ങാന്‍ കഴിയാതെ ബോര്‍ അടിച്ചിരിക്കുമ്പോള്‍ ആണ് ലാപ് ടോപ്പില്‍  പഴയ യാത്രകളുടെ ഒക്കെ ചിത്രങള്‍ കണ്ടെത്തുന്നത്. അതില്‍ തന്നെ  കോടയാല്‍ മുങ്ങി നില്‍ക്കുന്ന പൊന്‍മുടിയുടെ ചിത്രങ്ങള്‍ എന്നെ കൊണ്ടെത്തിച്ചത് ഒരു പഴയ യാത്രയുടെ ഓര്‍മ്മയിലേക്കാണ്.

കഴിഞ്ഞ  വര്‍ഷമായിരുന്നു എന്ന്‍ തോന്നുന്നു ഞങ്ങളുടെ അടുത്തുള്ള ഒരു കലിങ്കില്‍ ഞാനും എന്റെ ഒരു സുഹൃത്തും നാട്ടുവര്‍ത്തമാനം പറഞ്ഞുകൊണ്ട്  ഫേസ്ബുക്ക്ന്ടെ ന്യൂസ് ഫീഡ് തൊണ്ടിക്കൊണ്ട് ഇരിക്കുമ്പോളാണ്  ആരോ പോസ്റ്റ് ചെയ്ത ഒരു ചിത്രം എന്റെ മനസിലുടക്കിയത്.. പൊന്‍മുടിയിലേക്കുള്ള വളവുകളിലെവിടെയോ കോട നിറഞ്ഞു നില്‍ക്കുന്ന മനോഹര ചിത്രം.  ഏകദേശം 2 വര്‍ഷം മുന്‍പെപ്പോഴോ ആണ് പൊന്‍മുടിയില്‍ അവസാനമായി പോയത്. അന്ന് പക്ഷേ കോടയോ മഞ്ഞോ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ കോട നിറഞ്ഞ പൊന്‍മുടിയുടെ കാഴ്ച് എന്നെ വല്ലാതെ ആകര്‍ഷിച്ചു.  ഞാന്‍ സുഹൃത്തിനോട് പൊന്മുടി പോയാലോ  എന്ന്‍ ചോദിക്കേണ്ട താമസം പുള്ളിയും റെഡി.  പക്ഷേ പൈസ ഒന്നും കയ്യില്‍ ഇല്ലാതിരുന്നതിനാല്‍ യാത്ര 2  ദിവസം കഴിഞ്ഞു ആകാം എന്ന്‍ തീരുമാനിച്ചു. 

അങ്ങനെ 1 ദിവസത്തെ അദ്വാനത്തിന് ശേഷം കയ്യില്‍ കിട്ടിയ 700 രൂപയുമായി ഞാന്‍ പൊന്മുടി പോകാന്‍ തയ്യാറായിരുന്നു 2 പേര്‍ ആകുമ്പോള്‍ 700 രൂപ തന്നെ നമ്മുടെ യാത്രക്ക് ധാരാളം ആണ് എന്നെ ഞാന്‍ കരുതിയുള്ളൂ...  അങ്ങനെ പോകാന്‍ തീരുമാനമായതിന്റെ തലേന്ന് രാത്രി ആയപ്പോളും  സുഹൃത്തിന്‍റെ ഫോണ്‍ കോള്‍ ഒന്നും കാണാഞ്ഞതിനാല്‍ ഞാന്‍ ഫോണ്‍ വിളിച്ചു .  മറുതലക്കല്‍ നിന്നുള്ള പ്രതികരണം എനിക്ക് നിരാശ ആയിരുന്നു നല്‍കിയത് ... അങ്ങനെ ഒരു കാര്യം സംസാരിച്ചത് പോലും പുള്ളിക്ക് ഓര്‍മ്മയില്ലത്രേ.  ഒരുപാട് ആഗ്രഹത്തോടെ ആ രാത്രി പുലരാന്‍ കാത്തിരുന്ന എനിക്ക് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു..  കട്ടിലില്‍ എന്നെ നോക്കി  ഞാന്‍ കൊണ്ടുപോകാന്‍ അടുക്കി വച്ചിരിക്കുന്ന ക്യാമറയും മറ്റ് വസ്തുക്കളും എന്നെ കളിയാക്കി ചിരിക്കുന്നത് പോലെ.  

കുറെ സമയം എന്തു ചെയ്യണം എന്നറിയാതെ കട്ടിലില്‍ കിടന്നു, പെട്ടന്നു ഒരു ഉള്‍വിളി കിട്ടിയപോലെ ചാടിയെണീറ്റ് പുറത്തിരിക്കുന്ന 10 വര്‍ഷം പഴക്കമുള്ള  പാഷന്‍ പ്ലസ് ബൈക്കിലേക്കായി നോട്ടം.  മുന്‍പിലെ ടയര്‍ മുക്കാലും തേഞ്ഞ് തീര്‍ന്നിരിക്കുന്നു.  നേരെ ചെന്നു ബൈക്ക് കുലുക്കി നോക്കി ഏതായാലും 3 ലിറ്ററില്‍ കുറയാതെ പെട്രോള്‍ ഉണ്ട്.  ഇനി ഒരു 4 ലിറ്റര്‍ കൂടി അടിച്ചാല്‍ എനിക്കു ഇവിടെ നിന്നും സുഗമായി പോയി വരാം. പക്ഷേ  പ്രധാന പ്രശ്നം മറ്റൊന്നായിരുന്നു ഏകദേശം പോയിതിരിച്ചുവരാനുള്ള 350ഓളം കിലോമീറ്റര്‍ ഈ  100 സി‌സി പോലും ഇല്ലാത്ത ഇത്രയും പഴക്കം ചെന്ന നല്ല രീതിയില്‍  മെയ്ന്‍റേയ്ന്‍ ചെയ്യാത്ത ഈ വണ്ടിയില്‍ പോയി വരാന്‍ സാധിക്കുമോ എന്നതായിരുന്നു. എന്തെങ്കിലും ഒരു പണി കിട്ടിയാല്‍ നന്നാക്കി തിരിച്ചു വരാനുള്ള പൈസ പോലും കയ്യിലില്ല. പക്ഷേ ആഗ്രഹത്തിന് മുന്പില്‍ സംശയത്തിനും ആശങ്കകള്‍ക്കും പ്രധാന്യം നല്‍കാതെ രണ്ടും കല്‍പ്പിച്ചു 5 മണിക്ക് അലാറം വച്ച് കിടന്നു. ഉറക്കതിലൊക്കെ  നാളെ ഞാന്‍ കാണാന്‍ പോകുന്ന സുന്ദരിയായ പൊന്‍മുടിയെക്കുറിച്ചായിരുന്നു ചിന്ത. 

അങ്ങനെ പതിവുപോലെ അലാറത്തിനും 10 മിനിറ്റ് മുന്‍പെ  എണീറ്റു. കാര്യങ്ങള്‍ എല്ലാം കഴിഞ്ഞു ബാഗും പാക്ക് ചെയ്തു ക്യാമറയും  തോളില്‍ തൂക്കി  കൃത്യം 6 മണിയായപ്പോള്‍ തന്നെ ഇറങ്ങി. ചെറിയൊരു തണുപ്പും കൊണ്ട് ഞാന്‍ ചങ്ങനാശേരിയില്‍ നിന്നും 400 രൂപക്ക്  പെട്രോളും അടിച്ചു പൊന്മുടി ലക്ഷ്യമാക്കി യാത്ര തുടങ്ങി. 

തിരുവല്ല കഴിഞ്ഞു കുറച്ചങ്ങു ചെന്നപ്പോള്‍ ഒരു തമിഴന്‍ ചേട്ടന്‍ന്ടെ  ചായക്കടയില്‍ ആവിപറക്കുന്ന ചായ വില്പന തകൃതിയായി നടക്കുന്നു. അത്ര രാവിലെ തന്നെ ഒരു പതിനഞ്ചോളം പേര്‍ ചായയും വട്ടേപ്പവും കഴിക്കാന്‍ അവിടെയെത്തിയിരുന്നു.,  എനിക്കും ഒന്നും ചിന്തിക്കാന്‍ ഉണ്ടായിരുന്നില്ല ഞാനും കുടിച്ചു ഒരു ഓണന്നര ചായയും വട്ടേപ്പവും. ആ ചെറിയൊരു തണുപ്പത്ത് ചായ കുടിച്ചപ്പോള്‍ തന്നെ യാത്ര ചെയ്യാന്‍ ഉള്ള ഉന്മേഷം ഇരട്ടിയായി.. വണ്ടിയുടെ അവസ്ഥ മോശം ആയതിനാല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ മുകളില്‍ പോകാതെയാണ് ഞാന്‍ പൊക്കൊണ്ടിരുന്നത്. ഓരോ മണിക്കൂറിലും ഇടവേള കൊടുക്കുവാനും ഞാന്‍ ശ്രേദിച്ചു.  ഇടക്കൊക്കെ ചിലയിടങ്ങളില്‍ മഴയും പെയ്യ്തിരുന്നു. ഇടക്കേവിടെയോ കണ്ട ഇന്ത്യന്‍ കൊഫ്ഫി ഹൌസ്ല്‍ നിന്നും ഒരു കാപ്പിയും മസാല ദോശയും കഴിച്ചിരുന്നു.

അങ്ങനെ 4 1/2 മണിക്കൂറിന് ശേഷം  ഞാന്‍  പൊന്‍മുടിയുടെ അടിവാരമായ  കല്ലാര്‍ മീന്‍മുട്ടി വെള്ളച്ചാട്ടതിന്റെ ഗെയ്റ്റ്നു മുന്‍പിലെത്തി.  തിരിച്ചു വരുമ്പോളാവാം ഇവിടുത്തെ കാഴ്ചകള്‍ എന്ന്‍ മനസിലുറപ്പിച്ചു കൊണ്ട് പൊന്മുടി ലക്ഷ്യമാക്കി കുതിച്ചു . അങ്ങനെ ചെക്ക്‍പോസ്റ്റില്‍ ക്യാമറയുടെയും മറ്റും ഫീസും അടച്ചു നമ്മുടെ 22 ഹെയര്‍പിന്‍ വളവുകള്‍ കയറാന്‍ റെഡിയായി എങ്ങും തിങ്ങി നിറഞ്ഞ കാടുകളാണ് ഇരു വശവും കൂടെ നല്ല തണുപ്പും അങ്ങനെ ഒന്നും രണ്ടും മൂന്നും വളവുകളൊക്കെ കടന്നു ഏഴാമത്തെ വളവിലെത്തിയപ്പോള്‍ ഒരാള്‍ ബൈക്കിനു കൈ കാണിക്കുന്നു. കുറച്ചു പ്രായം ചെന്ന ഒരു മുഷിഞ്ഞ വസ്ത്രധാരി കയ്യില്‍ ഒരു വലിയ വെട്ടുകത്തിയും.  ഞാന്‍ ബൈക്ക് നിര്‍ത്തി  എന്നെക്കൂടി മുകളിലേക്കു കൊണ്ട് പോകുമോ എന്നൊരു ചോദ്യം.  എനിക്കും സന്തോഷം  അത്രയും നേരമെങ്കിലും ഒരാള്‍ കൂടെയുണ്ടല്ലോ!! ഞാന്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു കാട്ടില്‍ വിറകു വെട്ടാന്‍ പോയതാണ്. പൊന്‍മുടിയുടെ ആദ്യകാല താമസക്കാരില്‍ ഒരാള്‍... പൊന്‍മുടിയെക്കുറിച്ചും ഹെയര്‍ പിന്‍ വളവുകള്‍ക്കിടയിലൂടെയുള്ള കാട്ടുവഴികളെക്കുറിച്ചുമെല്ലാം അദ്ദേഹം വാചാലനായി. കാട്ടാനയും മയിലുമെല്ലാം അദ്ദേഹത്തിന്റെ വിഷയമായി.  എല്ലാം ആസ്വതിച്ചു സമയം പോയതറിഞ്ഞില്ല.. ഇതിനിടയിലുള്ള വഴികളൊന്നും ശ്രേധിക്കാന്‍ കഴിഞ്ഞില്ല ഞാന്‍ അദ്ദേഹത്തിന്റെ സംസാരം അത്രമേല്‍ ആസ്വാദ്യകരമായിരുന്നു.  ഒടുവില്‍ ഏതോ ഒരു വളവിനു ശേഷം യാത്ര പറഞ്ഞു അദ്ദേഹം പോയി. 

അതിനു ശേഷം ഉള്ള യാത്ര കോടമഞ്ഞിലൂടെയായിരുന്നു..  കോട ശരിക്കൊന്നു ആസ്വതിക്കാം എന്നു കരുതി ഹെല്‍മറ്റ് ഊരിയായി തുടര്‍ന്നുള്ള യാത്ര... സുന്ദരമായ ആ യാത്ര ആസ്വതിച്ചു അടുത്ത ചെക്ക് പോസ്റ്റിനരികില്‍ എത്തി. ഒട്ടും പ്രതീക്ഷിക്കാതെ  KTDC Golden Peak ലേക്ക് തിരിയുന്ന വഴിക്കു പോലീസ് മാമന്‍മാര്‍. എന്താടാ ഹെല്‍മറ്റ് വക്കാത്തത് എന്നൊരു ചോദ്യം. കോട ആസ്വതിക്കുവാരുന്നു എന്ന്‍  പറഞ്ഞപ്പോള്‍ അവര്‍ക്ക് ചിരിപൊട്ടി .  100 രൂപ  പെറ്റിയും  തന്ന്‍ എന്നെ പറഞ്ഞു വിട്ടു. 

ടിക്കറ്റ് എടുക്കാന്‍ ചെന്നപ്പോളാണ് ഒരു ചേട്ടന്‍റെ (പേര് ഞാന്‍ പറയുന്നില്ല) എന്‍ട്രി .  നീ ടിക്കറ്റ് എടുക്കേണ്ട ഇങ്ങ് പോരാന്‍ പറഞ്ഞു. അവിടെ വര്‍ക്ക് ചെയ്യുന്ന ചേട്ടനാണ്.  പുള്ളി ചിരിച്ചുകൊണ്ട് വന്നു പറഞ്ഞു പോലീസ്നു പൈസ കൊടുത്തതല്ലേ ഇവിടെ കൊടുക്കണ്ട എന്നെ ഒന്നു മുകളിലേക്കാക്കിയാല്‍ മതി. എനിക്കും സന്തോഷം. ഒന്നാമതെ പൈസ ഒന്നും ഇല്ലാതെയാണ് പോക്ക്. ഇതെങ്കിലും ലാഭം ആയല്ലോ!, നല്ല പാവം ഒരു ചേട്ടനും.. പൊന്‍മുടിയുടെ കഥകള്‍ ഒക്കെ പറഞ്ഞു ഞങ്ങള്‍ അങ്ങനെ മുകളില്‍ എത്തി... പൊയ്ക്കൊണ്ടിരുന്ന വഴികള്‍ തന്നെ കാണാന്‍ ബുദ്ധിമുട്ടായിരുന്നു. എങ്ങും കോട നിറഞ്ഞു തൊട്ടടുത്ത് നില്‍ക്കുന്നവരെ പോലും കാണാന്‍ സാധിക്കാത്ത അവസ്ഥ. 

മുകളിലത്തെ അവസ്ഥ അതിലും വിഭിന്നമായിരുന്നു എനിക്കു എന്നെ തന്നെ കാണാന്‍ സാധിക്കാത്തത് പോലെ... അതി സുഗം പകരുന്ന തണുപ്പും കൂടിയായപ്പോള്‍ സ്വര്‍ഗത്തില്‍ എത്തിയ പ്രതീതി.. ബൈക്കും പാര്‍ക്ക് ചെയ്തു ഞാന്‍ നടന്നു എവിടേക്കു നടക്കണം എന്ന്‍ പോലുമറിയാതെ... പുകമറയിലൂടെ ചെല്ലുന്നീടാതെല്ലാം  ആ സ്ഥലം കമിതാക്കള്‍ അവരുടെ സ്വകാര്യ നിമിഷത്തിന് സ്വന്തമാക്കിയിരുന്നു...  അവരെ ആരെയും ശല്യപ്പെടുത്താതെ ഞാന്‍ എനിക്കു മാത്രമായി ഒരു space തേടി നടന്നു.  ഒടുവില്‍ ഞാന്‍ ഒരു പാറപ്പുറത്ത് എന്റെതായ ഒരു സ്ഥലം കണ്ടെത്തി... ബാഗും താഴെ വച്ച്  കുറച്ചു നേരം അതിനു മുകളില്‍ കിടന്നു.  

നേരം പോകുന്നതെ അറിഞ്ഞില്ല ഇടക്കൊക്കെ കാറ്റ് വന്നു മഞ്ഞിന്റെ  മൂടുപടം മാറ്റി സുന്ദരമായ അല്പം കാഴ്ചകള്‍ ഒക്കെ കാട്ടി തന്നുകൊണ്ടിരുന്നു... ഇടക്ക് വിശപ്പിന്‍റെ വിളി അലട്ടാന്‍ തുടങ്ങി..  ബാഗും എടുത്ത് കുറച്ചു ക്ലിക്കുകളും ചെയ്യ്തുകൊണ്ട് ഞാന്‍ വാച്ച് ടവര്‍ ലക്ഷ്യമാക്കി നടന്നു.. ഇടക്ക് വന്ന്‍ കോട മൂടുന്നത് കൊണ്ട് ശരിയായ വഴി കണ്ടെത്താന്‍ കുറച്ചു ബുദ്ധിമുട്ടി. ഒടുവില്‍ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോള്‍ വാച്ച് ടവര്‍ എന്തൊക്കെയോ വച്ച്  അടച്ചിരിക്കുന്നു. പിന്നീട് പൊന്‍മുടിയെ ആകെയൊന്ന് ചുറ്റിക്കണ്ട് ഞാന്‍ തിരിച്ചുപോകാനായി ബൈക്കിനടുത്തേക്ക് നടന്നു.. തിരിച്ചുപോകുന്ന വഴി താഴെ ഒരു ചേട്ടനും ചേച്ചിയും കൂടി കപ്പയും കറിയും വില്‍ക്കുന്നു... അവിടെ കയറി ഒരു കപ്പയും ചാര്‍ ഒഴിച്ച് കഴിച്ചു ഞാന്‍ മീന്‍മുട്ടിയിലേക്ക് യാത്ര തിരിച്ചു....

( തുടരും....)

വിവരണം: Jobin Ovelil


ഈ ട്രാവല്‍ സ്റ്റോറി pdf ലഭിക്കാന്‍ മുകളിലുള്ള ബട്ടന്‍ ക്ലിക്ക് ചെയ്യുക.


Previous Post Next Post