ഒളിച്ചോട്ടം എന്ന്‍ കേള്‍ക്കുമ്പോള്‍ തെറ്റിദ്ധരിക്കല്ലേ, ഇപ്പോളും ഓര്‍ക്കുമ്പോള്‍ മുട്ടിടിക്കുന്ന ഒരു യാത്രയുണ്ടെനിക്ക് .. കുറച്ചധികം വര്‍ഷം മുന്‍പാണ് , ഡിഗ്രി ലാസ്റ്റ് ഇയര്‍ പഠിക്കുന്ന കാലം. ചെറുപ്പം മുബൈയില്‍ ജീവിച്ചിരുന്ന ഒരു സുഹൃത്തിന് ഒരു ആഗ്രഹം ഒരിക്കല്‍ അവിടെയൊന്ന് പോകണമെന്ന് . എട്ടാം ക്ളാസ്സില്‍ വച്ച് മുംബൈ എന്ന നഗരത്തെ വിട്ടെറിഞ്ഞു നാട്ടിലേക്കു തിരിച്ചു പോന്നതാണ് അവനും കുടുംബവും അതിനു ശേഷം മുബൈ കണ്ടിട്ടേ ഇല്ല.. അപ്പന് അവിടെ കുറച്ചു കടവും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നത് കൊണ്ട് പിന്നീട് അങ്ങോട്ട് പോകാന്‍ അവര്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല . അങ്ങനെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം മുബൈയിലേക്ക് പുറപ്പെടാന്‍ അവന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത്. അങ്ങനെ അവന്റെ ആഗ്രഹത്തോടൊപ്പം ഞാനും മറ്റൊരു സുഹൃത്തും കൂടെക്കൂടി..
അങ്ങനെ ചില മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ മുബൈ എന്ന മഹാനഗരത്തെ തേടി ബാംഗ്ലൂര്‍ല്‍ ജോബ് ഇന്‍റര്‍വ്യുനു പോകുവാനാണ് എന്ന്‍ വീട്ടില്‍ ഒരു കള്ളവും പറഞ്ഞു ഏതോ ഒരു മുബൈ പോകുന്ന ട്രെയിനിലെ സ്ലീപ്പര്‍ കമ്പാര്‍ട് മെന്‍റ് ല്‍ യാത്ര പുറപ്പെട്ടു. മുംബൈയുടെ സ്വപ്നങ്ങളും പേറി ഞങ്ങളുടെ തീവണ്ടി പാഞ്ഞുകൊണ്ടിരുന്നു കഥകള്‍ പറഞ്ഞും ഉറങ്ങിയും ഒടുവില്‍ ഒരു വൈകുന്നേരം ഞങ്ങള്‍ മഹാനഗരത്തിന്റെ മണ്ണിലിറങ്ങി, വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്‍റെ സുഹൃത്ത് ജനിച്ചു വളര്‍ന്നയിടം. ഇപ്പോളും ഞാന്‍ ഓര്‍ക്കുന്നു അന്ന്‍ രാത്രി തിങ്ങി ഞെരുങ്ങിയ ഒരു ലോഡ്ജ് ല്‍ ആയിരുന്നു ഞങ്ങള്‍ താമസിച്ചത്. നാലു റൂമിന് ഒരു കോമണ്‍ ബാത്രൂമും .. ഇന്നത്തെ യാത്രയില്‍ ഇതൊക്കെ സ്വര്‍ഗം ആയിരുന്നു എങ്കിലും അന്ന്‍ അത് സഹിക്കാന്‍ പറ്റുന്നതായിരുന്നില്ല.. പിന്നീടുള്ള 3 ദിവസം ഞങ്ങള്‍ കഴിച്ചത് ആ ഇടുങ്ങിയ മുറിയില്‍ ആയിരുന്നു.
ഹിന്ദി അറിയില്ല എന്ന കാരണത്താല്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും സുഹൃത്തിനെ കൂടാതെ പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥ. ആ മൂന്നു ദിവസങ്ങള്‍ക്കൊണ്ട് ഞങ്ങള്‍ അവന്‍റെ സുഹൃത്തുക്കളെയും ആ മഹാനഗരത്തെയും കണ്ടു തീര്‍ത്തു... അങ്ങനെ തിരിച്ചു പോരാന്‍ ടിക്കെറ്റ് എടുക്കാന്‍ ആലോചിക്കുമ്പോളാണ് ഹരിഹര്‍ ഫോര്‍ട്ടിനെ കുറിച്ച് അവന്‍ പറയുന്നതു. പണ്ടെപ്പോളോ അവന്‍ കുടുംബമായി അവിടെ പോയിട്ടുണ്ടത്രേ.. ഒന്നും ആലോചിച്ചില്ല ലോഡ്ജ് ഉടമയോട് കാര്യങ്ങള്‍ തിരക്കി.. ഏകദേശം 200 കിലോമീറ്ററോളം ദൂരം ഉണ്ട്.. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം പിറ്റേന്ന് രാവിലെ യാത്ര പുറപ്പെട്ടു .. മുംബൈയില്‍ നിന്നും നാസിക് എന്ന സ്ഥലത്തേക്ക് ട്രയിന്‍ മാര്‍ഗം എത്തി.. ശേഷം അവിടെ നിന്നും ബസില്‍ കയറി ഇറങ്ങി 40 കിലോമീറ്ററോളം അകലെയുള്ള ത്രയമ്പകീശ്വര്‍ (Trimbakeshwar) എന്ന സ്ഥലത്തു പോയി ഒരു മാര്‍ക്കറ്റ് പോലെയുള്ള സ്ഥലത്തു മുറിയെടുത്ത് അന്ന് അവിടെ തങ്ങി. അത്യാവശ്യം നിറയെ കടകളും എല്ലാം ഉള്ള ഒരു ചെറിയ പട്ടണം. എങ്ങും ചന്ദനത്തിന്‍റെ മണം നിറഞ്ഞു നില്‍ക്കുന്നതിനാല്‍ ഒരു മധുരയില്‍ എത്തിയ തോന്നല്‍. പിറ്റെന്നു പോകാനായി 500 ര ൂപക്ക് രണ്ട് CT100 ബൈക്കുകള്‍ സെറ്റ് ആക്കിയിരുന്നു. എങ്ങനെയാണ് പോകണ്ടത് എന്നും എന്തൊക്കെ ചെയ്യേണ്ടത് ഉണ്ട് എന്നും ഞങ്ങള്‍ നേരത്തെ തന്നെ മുംബൈയിലെ ലോഡ്ജ് ഉടമയില്‍ നിന്നും മനസിലാക്കിയിരുന്നു.
പിറ്റേന്ന് നേരത്തെ തന്നെ എണീറ്റ് ഞങ്ങള്‍ റെഡി ആയി .. ഒരു ബാഗില്‍ കുറച്ചു ഭക്ഷണ സാധനങ്ങളും വെള്ളവും അത്യാവശ്യം തുണിയും എടുത്ത് ബാക്കി ഉള്ളവ എല്ലാം ലോഡ്ജില്‍ തന്നെ വച്ച് നേരെ പോയി ബൈക്ക് എടുത്തു.. അടുത്തുള്ള പെട്രോള്‍ പമ്പില്‍ നിന്നും പെട്രോളും അടിച്ചു നേരെ ഹരിഹര്‍ ഫോര്‍ട് ലക്ഷ്യമാക്കി യാത്ര തിരിച്ചു. കുറച്ചു ദൂരം പിന്നിട്ടപ്പോളേക്കും വഴി മോശമായിതുടങ്ങി.. പക്ഷേ വളരെ മനോഹരമായ സ്ഥലം കൃഷി ഇടങ്ങളുടെ നടുവിലൂടെ ദൂരെ ഉള്ള കുന്നുകളും മലകളും വെള്ളക്കെട്ടുകളും ഒക്കെ കണ്ടുള്ള ഒരു 20 കിലോമീറ്ററോളം ദൂരം വളരെ ആസ്വതിച്ചു യാത്ര ചെയ്യ്ത് ഞങ്ങള്‍ ഒരു ഗ്രാമത്തിനോടടുത്ത് എത്തി ചെറിയ ചാറ്റല്‍ മഴയും അകമ്പടിക്കെത്തി.. ഹര്‍ഷവാടി (Harshewadi) എന്ന മനോഹരമായ ഗ്രാമം .. അവിടെ നിന്നും മുകളിലായി നമ്മുടെ ഹരിഹര്‍ ഫോര്‍ട് തല ഉയര്‍ത്തി നില്ക്കുന്നു അവിടെ ഉള്ള കടയില്‍ നിന്നും 2 കുപ്പി കൂടി വെള്ളവും മേടിച്ചു . അവിടെ നിന്നും കുറച്ചു ദൂരം കൂടി ബൈക്കുകള്‍ ചെല്ലുമെങ്കിലും സ്വന്തം അല്ലാതിരുന്നതിനാല്‍ അവിടെ ബൈക്കുകളും ഏല്‍പ്പിച്ചു ഒരു 50 രൂപയും കൂടി അവിടെ നല്കി ഞങ്ങള്‍ മൂന്നു പേരും മലമുകള്‍ ലക്ഷ്യമാക്കി നടത്തം ആരംഭിച്ചു.
ഇനിയുള്ള ആറോ ഏഴോ കിലോമീറ്റര്‍ ഞങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു.. ചെറിയോരു വെള്ളക്കെട്ടും പുല്‍മേടുകളും ചാറ്റല്‍ മഴയും ആസ്വതിച്ചു നടന്നു... തിരക്ക് നിറഞ്ഞ മഹാ നഗരങ്ങളെക്കാളും ഒറ്റപ്പെട്ട ഗ്രാമഭഗി ആണ് എനിക്കു കൂടുതല്‍ ഇഷ്ടം.. മുന്‍പോട്ട് പോകും തോറും കുറ്റിക്കാടുകളുടെ ഇടയിലൂടെയുള്ള ദുര്‍ഘടമായ ഒറ്റയടിപാതയായി മാറിയിരുന്നു, വേരുകളിലും കുറ്റിച്ചെടികളിലും പിടിച്ച് കയറി ഒരുവിധം മുന്‍പോട്ട് പൊയ്ക്കൊണ്ടിരുന്നു.. ഏകദേശം ഒരു കിലോമീറ്ററിന് ശേഷം മുകളിലായി ഒരു ചെറിയ പടുത കെട്ടിയ കട .. ഒരു നാരങ്ങാ വെള്ളം ഓര്‍ഡര്‍ ചെയ്തപ്പോളേ അകമ്പടിക്ക് ചാറ്റല്‍ മഴ എത്തി... ആ ഫീല്‍ ഇപ്പോളും മനസില്‍ മായാതെ സൂക്ഷിച്ചിട്ടുണ്ട്... സഞ്ചാരികള്‍ എത്തിത്തുടങ്ങുന്നതെ ഉള്ളൂ ഞങ്ങള്‍ ആണ് ആദ്യത്തേത് എന്ന്‍ തോന്നുന്നു... മുകളിലെക്കൊന്നും ആരും കയറുന്നത് കാണുന്നില്ല. കുറച്ചു സമയം വിശ്രമത്തിന് ശേഷം വീണ്ടും കയറ്റം ആരംഭിച്ചു ..
വഴിയുടെ രീതിയും താഴ്വാരത്തിന്‍റെ ഭംഗിയും കൂടിക്കൂടി വന്നു.. ചാറ്റല്‍ മഴ വന്നതുകൊണ്ടായിരിക്കണം മുകള്‍ഭാഗം എല്ലാം കോടവന്നു മൂടി.. മുകളിലേക്കു നോക്കുമ്പോള്‍ കൈലാസത്തെ അനുസ്മരിപ്പിക്കുന്ന കാഴ്ച. ഒരാള്‍പ്പൊക്കത്തില്‍ ഉള്ള കുറ്റിച്ചെടികള്‍ വകഞ്ഞുമാറ്റി പാറക്കെട്ടുകള്‍ക്കിടയിലൂടെ ഞങ്ങള്‍ നടന്നു.. എന്താണ് മുകളില്‍ എന്ന്‍ പോലും അറിയാതെയുള്ള നടത്തം.. പാറകളില്‍ എല്ലാം വെള്ളവും പായലും ചേര്‍ന്ന് നല്ല വഴുക്കല്‍ ഉണ്ട് . കുറെ നേരത്തെ നടത്തത്തിന് ശേഷം ഹരിഹര്‍ ഫോര്‍ടിന്ടെ ചുവട്ടില്‍ എത്തി.. ഇനിയുള്ളതാണ് ഏറ്റവും വലിയ കടമ്പ.. കുത്തനെയുള്ള ഏകദേശം 80 ഡിഗ്രീ ചരിവ് മാത്രമുള്ള പാറക്കെട്ടിന് മുകളിലേക്കുള്ള കയറ്റം.... മുകളുവരെ കുറഞ്ഞ വീതിയില്‍ സ്റ്റെപ്പുകള്‍ കൊത്തിയുണ്ടാക്കിയിരിക്കുന്നു കയറുമ്പോള്‍ കൈകള്‍ പിടിക്കുവാനായി സ്റ്റെപ്പുകളുടെ ഇരുവശങ്ങളിലും ചെറിയ കുഴികള്‍ തീര്‍ത്തിരിക്കുന്നു.. പാറയിലൂടെ വെള്ളം ഒഴുകുന്നു.
പതിയെ ആദ്യ കാല്‍ വച്ചപ്പോളേ കാല്‍ പാറയില്‍ നിന്നും തെന്നി മാറി.. വെള്ളവും പായലും ചേര്‍ന്ന് ടയിലില്‍ എണ്ണ ഒഴിച്ചപോലെ കിടക്കുന്നു വളരെ പ്രയാസപ്പെട്ട് ഞങ്ങള്‍ മുകളിലേക്കു കയറിക്കൊണ്ടിരുന്നു ഏറ്റവും അവസാനമായി ഞാനും. ഏകദേശം മുകളിലെത്തിയപ്പോള്‍ ഇടയിലായി കയറിക്കൊണ്ടിരുന്ന സുഹൃത്ത് എന്തോ പറയുവാനായി എന്‍റെ നേര്‍ക്ക് തിരിഞ്ഞതും സ്റ്റെപ്പില്‍ നിന്നും ഊര്‍ന്ന് പൊന്നതും ഒരുപോലെ ആയിരുന്നു മൂന്ന്‍ സ്റ്റെപ്പ് താഴെയായി കയറിയിരുന്ന എന്നെയും ഇടിച്ചു ഒരു 2 സ്റ്റെപ്പ് കൂടി ഞങ്ങള്‍ താഴേക്കു പോയി .. ഒരു പാറയുടെ കുഴിയില്‍ എനിക്കു നല്ലപോലെ പിടുത്തം കിട്ടിയതിനാല്‍ കൂടുതല്‍ ഒന്നും സംഭവിച്ചില്ല. സുഹൃത്തിന്‍റെ താടി പൊട്ടി ചോര ഒഴുകിക്കൊണ്ടിരുന്നു എന്‍റെ തോള്‍ഭാഗം പാറയില്‍ ഇടിച്ചതിനാല്‍ നല്ല വേദനയും കൂടാതെ നല്ല രീതിയില്‍ ഞങ്ങള്‍ പേടിക്കുകയും ചെയ്തു..
പിന്നെ മുകളിലേക്കു കയറാതെ ഞങ്ങള്‍ മൂന്നുപേരും താഴേക്ക് ഇറങ്ങി.. സ്റ്റെപ്പുകള്‍ ഇറങ്ങി ഹരിഹര്‍ ഫോര്‍ട്ടിനു താഴെ എത്തി മുറിവ് വെള്ളം ഒഴിച്ച് കഴുകി കയ്യില്‍ സൂക്ഷിച്ചിരുന്ന ഫസ്റ്റ് എയിഡ് കിറ്റില്‍ നിന്നും അത്യാവശ്യം മരുന്നൊക്കെ വച്ച് കെട്ടി അവനെ അവിടെ കിടത്തി.. നല്ലപോലെ ഒന്നു പേടിച്ചിരുന്നതിനാല്‍ വീണ്ടും മുകളിലേക്കു കയറുവാന്‍ അവന്‍ മുതിര്‍ന്നില്ല... കുറച്ചു നേരം അവന്‍റെ കൂടെ ഇരുന്നു തിരിച്ചു പോയെക്കാം എന്നു തീരുമാനിച്ചെങ്കിലും അവന്‍റെ നിര്‍ബന്ധത്തിനാല്‍ ഞങ്ങള്‍ രണ്ടും വീണ്ടും മുകളിലേക്കു കയറി... താഴോട്ട് നോക്കാതെ ഞങ്ങള്‍ രണ്ടും പ്രയാസപ്പെട്ട് മുകളിലെത്തി.. കയറി ചെന്നിടത്ത് പാറ തുരന്ന്‍ മഴ നനയാതെ നില്‍ക്കാന്‍ ഒരു ചെറിയ സ്ഥലവും മൂന്നാല് കുരങ്ങന്‍മാരും കുത്തി ഇരിക്കുന്നു.. വീണ്ടും പാറ തുരന്നുണ്ടാക്കിയ ഇടത്തോട്ട് ഒരു വഴിയും.. നല്ല അണപ്പ് ഉണ്ടായിരുന്നതിനാല്‍ കുറച്ചു നേരം അവിടെ വിശ്രമിച്ചു താഴ്വാരത്തെ മനോഹരമായ കാഴ്ച്ചകളും കണ്ട് ഇരിക്കുമ്പോള്‍ തന്നെ പെട്ടന്ന് കോട വന്ന്‍ ഞങ്ങളെ മൂടി.. നല്ല തണുപ്പും.. കുറച്ചു നേരത്തിന് ശേഷം ഇടത്ത് കണ്ട വഴിയിലൂടെ ഞങ്ങള്‍ നടന്നു എങ്ങും വഴുക്കല്‍ നിറഞ്ഞ പാറ.. കാലൊന്ന് തെറ്റിയാല്‍ അഗാതമായ കൊക്കയിലേക്ക് പതിക്കും ഓരോ അടിയും സൂക്ഷിച്ചു ഞങ്ങള്‍ നടന്നു... താഴെന്നു സഞ്ചാരികള്‍ വരുന്ന സംസാരങ്ങള്‍ കേള്‍ക്കാം ..
പിന്നീട് ഒരു ഗുഹക്കുളിലൂടെ എന്നപോലെ കുത്തനെയുള്ള കുറച്ചു സ്റ്റെപ്പുകളും കടന്നു ഞങ്ങള്‍ മുന്‍പോട്ട് നടന്നു .. നടക്കാന്‍ ഒക്കെ നല്ലപോലെ പാട് പെടുന്നുണ്ട് കാലിനെല്ലാം നല്ല വേദനയായി തുടങ്ങി.. ശ്വാസം കിട്ടാന്‍ തന്നെ നല്ല ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.. ഒടുവില്‍ നടന്നു മുകളിലെത്തിയപ്പോള്‍ എങ്ങും പൂവിട്ട് നില്‍ക്കുന്ന ഏതോ കാട്ട് ചെടികളും കുന്നിന്മുകളിലെ കാഴ്ചകളും താഴ്വാര കാഴ്ചകളും മാറിമാറി വരുന്ന കോടമഞ്ഞും ചാറ്റല്‍ മഴയും തണുത്ത കാറ്റും എല്ലാം കൂടി ഒരു സ്വര്‍ഗീയ അനുഭൂതി... മഴയുള്ള സമയമായതിനാല്‍ എങ്ങും പച്ചപ്പ് നിറഞ്ഞു നില്‍ക്കുന്നു ..
സഞ്ചാരികള്‍ പലരും മുകളിലെത്തി തുടങ്ങിയിരിക്കുന്നു... സുഹൃത്ത് താഴെ ഒറ്റക്കാണല്ലോ എന്നുള്ള തോന്നല്‍ മുകളിലെ ഒരുപാട് കാഴ്ചകളിലേക്ക് പോകാന്‍ അനുവദിച്ചില്ല.. ഞങ്ങള്‍ തിരിച്ചിറങ്ങാന്‍ തുടങ്ങി... കയറിയതിന്‍റെ ഇരട്ടി പ്രയാസം... പിന്നെ കയറിയത് പോലെ തന്നെ സ്റ്റെപ്പിന് അഭിമുഖമായി ഇറങ്ങാന്‍ തുടങ്ങി.. സ്റ്റെപ്പിന് താഴെയെത്തിയപ്പോള്‍ സുഹൃത്ത് സ്വര്‍ഗത്തില്‍ എന്നപോലെ ഒരു സ്വര്‍ഗീയ ഉറക്കം നടത്തിയിരുന്നു.. അങ്ങനെ താടിയില്‍ ഒരു മുറിവുമായി ഞങ്ങള്‍ ആ സ്വര്‍ഗം വിട്ട് യാത്രയായി... പുതിയ സ്വപ്നങ്ങളിലേക്ക്...
വിവരണം: Jobin Ovelil