ഇടുക്കി (Idukki ) ഏതൊക്കെ രീതിയിൽ നോക്കിയാലും കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തിൽ നിന്നും ഒഴിച്ചുകൂടാനാവാത്ത അതിസുന്ദരമായ മലയോരമേഖല, കാട്ടരുവികളാലും വനസമ്പത്താലും മലകളാലും ഡാമുകളാലും കാലാവസ്ഥയാലും തേയിലക്കാടുകളാലും അനുഗ്രഹിക്കപ്പെട്ട പച്ചപ്പ്‌നിറഞ്ഞ സുന്ദരപ്രദേശം. ഇടുക്കിയിലെ പ്രധാന 7 വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഏതാണെന്ന് നോക്കിയാലോ ? ( these are the best 7 tourist places in idukki for one day trip. )
ഇടുക്കിയുടേതെന്നല്ല കേരളത്തിന്റെ തന്നെ വിനോദ സഞ്ചാര മേഖലയിൽ പ്രധാനിയാണ് മൂന്നാർ. നിരവധി കാഴ്ചകളും റിസോർട്ടുകളും മൂന്നാർ മേഖലയിൽ ഉണ്ട്. ബ്രിട്ടീഷ്കാരുടെ കാലം മുതൽ തന്നെ മൂന്നാർ പ്രശസ്തമാണ്. മറ്റെന്തിനേക്കാളും ഇവിടുത്തെ കാലാവസ്ഥയാണ് എടുത്തു പറയേണ്ട ഒന്ന്. കേരളത്തിലെ പ്രധാന ഹണിമൂൺ ഡെസ്റ്റിനേഷനിലും മൂന്നാറിന്റെ പേര് ഒഴിച്ചുകൂടാൻ ആകാത്തതാണ്.12 വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയുടെ സാന്നിധ്യവും ഈ മനോഹര ഗ്രാമത്തിന്റെ പ്രശസ്തി എല്ലാ നാടുകളിലും എത്തിച്ചു.
- മീശപ്പുലിമല ( Meesappulimala )
"മീശപ്പുലിമലയിൽ മഞ്ഞു വീഴുന്നത് കണ്ടിട്ടുണ്ടോ ?" ഈ ചോദ്യം മലയാളികൾക്ക് സുപരിചിതമാണ്. ചാർളി എന്ന സിനിമയിലെ ഈ ഒറ്റച്ചോദ്യം കൊണ്ട് മീശപ്പുലിമല കയറിയവർ ഒരുപാടാണ്. ഞാനുൾപ്പെടെയുള്ള ആൾക്കാരെ മീശപ്പുലിമയിലേക്ക് ആകർഷിച്ചതും ഈ ചോദ്യമാണ്. എന്നാൽ ഈ പറയുന്നത് പോലെയുള്ള മഞ്ഞുവീഴ്ച ഒന്നും മീശപ്പുലിമലയിൽ കാണാൻ സാധിച്ചില്ലെങ്കിലും കോടയും തുഷാരവും മേഘത്തട്ടും മീശപ്പുലിമലയിലെ സ്ഥിരം വിരുന്നുകാർ ആണ്. മുൻപ് കൊളുക്കുമല വഴി പ്രൈവറ്റ് ജീപ്പ് സർവീസ് വഴിയായിരുന്നു മീശപ്പുലിമലയിലേക്ക് എത്തിയിരുന്നെങ്കിൽ ഇപ്പോൾ ഫോറസ്റ്റ് വകുപ്പിന്റെ പാക്കേജ് മുഖാന്തരം മാത്രമേ മീശപ്പുലിമലയിലേക്ക് പ്രവേശിക്കുവാൻ സാധിക്കുള്ളൂ.!
- കാൽവരി മൌണ്ട് ( Kalvari Mount )
കേരള വനം വകുപ്പിന്റെ കീഴിൽ ഉള്ള ഇടുക്കിയിലെ മനോഹരമായ വ്യൂ പോയിന്റ് ആണ് കാൽവരി മൗണ്ട്. പച്ചപ്പ് നിറഞ്ഞ കുന്നിൻ മുകളിൽ നിന്നുള്ള താഴ്വാര കാഴ്ചകൾ ആണ് ഇവിടെയുള്ളത് . മനോഹരമായ ജലാശയവും ചെറിയ ചെറിയ തുരുത്തുകളും അക്കരെയായി ഉയർന്നു നിൽക്കുന്ന പച്ചപ്പണിഞ്ഞ കുന്നുകളും എല്ലാം ഇവിടുത്തെ കാഴ്ചകളാണ്. മുൻകൂട്ടി ബുക്ക് ചെയ്താൽ ഇവിടെ താമസിക്കാൻ ഉള്ള സൗകര്യവും വനം വകുപ്പ് നൽകുന്നുണ്ട്.
- ഇടുക്കി ഡാം ( Idukki Dam )
ഇന്ത്യയിലെ ആദ്യത്തെ ആർച്ചു ഡാം ആണ് ഇടുക്കി ഡാം.കുറവൻ കുറത്തി മലകൾക്ക് ഇടയിലായി ആണ് ഇവിടെ വെള്ളം സംഭരിച്ചു വച്ചിരിക്കുന്നത്. മൂലമറ്റം പവർഹൗസിൽ ഇവിടെനിന്നുള്ള ജലമാണ് വൈദ്യുതഉത്പാദനത്തിനായി ഉപയോഗിക്കുന്നത്. ഇതിനു അടുത്തായി തന്നെയുള്ള ഹിൽവ്യൂ പാർക്ക് സന്ദർശിച്ചാൽ ഇടുക്കി ഡാമിന്റെ മുകളിൽ നിന്നുള്ള മനോഹര ദൃശ്യം കാണാവുന്നതാണ്.
- വാഗമൺ ( Vagamon )
മധ്യകേരളത്തിലെ സഞ്ചാരികൾ ഏറ്റവും കൂടുതൽ വന്നെത്തുന്നൊരു വിനോദ സഞ്ചാര കേന്ദ്രമാണ് വാഗമൺ. ഒരുകൂട്ടം സഞ്ചാര കേന്ദ്രങ്ങളുടെ സംഗമ സ്ഥാനമാണ് വാഗമൺ. പൊതുവെ തണുത്ത കാലാവസ്ഥയും മൊട്ടക്കുന്നുകളും പൈൻഫോറെസ്റ്റും ഒക്കെയാണ് വാഗമൺന്റെ പ്രധാന ആകർഷണം.
- രാമക്കൽ മേട് ( Ramakkalmedu )
- തൊമ്മൻകുത്ത് വെള്ളച്ചാട്ടം ( Thommankuthu water Falls)
ഒരു മനോഹര വെള്ളച്ചാട്ടവും അതിനടുത്തേക്കുള്ള കാടിനുള്ളിലൂടെയുള്ള നടത്തവും ആണ് തൊമ്മൻ കുത്തിലെ ആകർഷണം. വലിയ മരങ്ങളും ഗുഹകളും ഒക്കെ തൊമ്മൻ കുത്തിലെ കാഴ്ചകളിൽ ഉള്ളതാണ്.
ഇടുക്കിയിലെ സ്ഥലങ്ങൾ ഇവിടെ അവസാനിക്കുന്നില്ലെങ്കിലും ഇടുക്കിയിലെ ചില കാഴ്ചകൾ മാത്രമാണ് ഇവിടെ പരിചയപ്പെടുത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.